ന്യൂഡൽഹി: സിവിൽ സർവീസിൽ നിന്ന് രാജിവെച്ച് ആറര വർഷം പിന്നിട്ടിട്ടും രാജി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. തന്റെ ഔദ്യോഗിക പദവിയിൽ നിന്നുള്ള വിടുതൽ വൈകിപ്പിക്കുന്നത് വഴി പ്രൊഫഷണൽ ജീവിതം തടസപ്പെടുത്തുകയാണെന്നും ഇത് മനഃപൂർവ്വമായ പീഡനമാണെന്നും അദ്ദേഹം ആരോപിച്ചു.
രാജി ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചില്ലെന്ന് കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ തിരിച്ചടിയാവുകയായിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ കത്തയച്ചു.
2019-ൽ കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ചാണ് ദാദ്ര-നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്ന കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് രാജിവെച്ചത്. എന്നാൽ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടികൾ തുടരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൻ ഗോപിനാഥൻ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങളിലും അദ്ദേഹം സജീവമായിരുന്നു.